Sunday, 6 September 2015

പറഞ്ഞുകൊടുത്താല്‍ മതി, ഗൂഗിള്‍ ഡോക്‌സ് ഇനി കേട്ടെഴുതും


ഡോക്യുമെന്റുകളും മറ്റും തയ്യാറാക്കുന്നത് ഓണ്‍ലൈനാക്കി ശരിക്കുമൊരു പി.എ. ആയി മാറിയിരിക്കുകയാണ് ഗൂഗ്ള്‍ ഡോക്‌സ്. നിങ്ങള്‍ ഒരുപകരണത്തില്‍ തയ്യാറാക്കുന്ന ഡോക്യുമെന്റുകള്‍ മറ്റുപകരണങ്ങളിലും ഉപയോഗിക്കാന്‍ഗൂഗിള്‍ ഡോക്‌സ് ( Google docs )അവസരമൊരുക്കുന്നു. കോപ്പിപേസ്റ്റുകളുടെ തലവേദനയില്ല, മറ്റ് പൊല്ലാപ്പുകളില്ല. 

എന്നാലിപ്പോള്‍ ഒരുപടി കൂടി കടന്ന്, പറഞ്ഞുകൊടുത്താല്‍ എഴുതുന്ന രീതിയിലേക്ക് ഈ സര്‍വീസിനെ പരിഷ്‌ക്കരിച്ചിരിക്കുകയാണ് ഗൂഗിള്‍. വോയ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ ഗൂഗിള്‍ ഡോക്‌സിലും എത്തിയിരിക്കുന്നു. 'വോയ്‌സ് ടൈപ്പിങ്' ( Voice Typing ) എന്നാണിതിന് ഗൂഗിളിട്ടിട്ടുള്ള പേര്. ഇനിമുതല്‍ ഡോക്‌സിന്റെ ഓണ്‍ലൈന്‍ എഡിറ്ററില്‍ മൈക്ക് വഴി പറഞ്ഞെഴുതിക്കാം.

ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കുമെല്ലാം ഉപകാരപ്പെടുന്ന നൂറിലേറെ കൂട്ടിച്ചേര്‍ക്കലുകളാണ് ഡോക്‌സില്‍ ഈ വര്‍ഷം ഗൂഗിള്‍ നടത്തിയത്. ഗൂഗിളിന്റെ യഥാര്‍ഥശക്തി ഡോക്‌സിലും പ്രകടമാക്കുന്നതിന്റെ തുടക്കമാണ് പുതിയ മാറ്റങ്ങളെന്ന് ഔദ്യോഗികബ്ലോഗില്‍ ഗൂഗിള്‍ പറയുന്നു.

ഗവേഷണങ്ങള്‍ക്ക് ഉപകാരപ്പെടുംവിധം സേര്‍ച്ച് സൗകര്യം 'ഡോക്‌സ് ഫോര്‍ ആന്‍ഡ്രോയ്ഡ്'ല്‍ ഉള്‍പ്പെടുത്തിയതാണ് പ്രധാന മാറ്റങ്ങളിലൊന്ന് (റിസേര്‍ച്ച് ടൂള്‍). സ്‌പ്രെഡ്ഷീറ്റുകളുടെ വിശകലനം കാര്യക്ഷമമാക്കുന്ന 'എക്‌സ്‌പ്ലോര്‍' സംവിധാനമാണ് മറ്റൊന്ന്. നിങ്ങള്‍ ജോലിയിലല്ലാത്തപ്പോള്‍ കൂടെയുള്ളവര്‍ ഡോക്‌സില്‍ എന്തൊക്കെ ചെയ്തു എന്നറിയാന്‍ സഹായിക്കുന്ന 'സീ ന്യൂ ചെയ്ഞ്ചസ്' സംവിധാനവും ശ്രദ്ധേയം.

ഇവയോടൊപ്പം ക്രോം, ക്രോമിയം ബ്രൗസറുകളില്‍ ലഭ്യമായിത്തുടങ്ങിയതാണ് ഗൂഗിള്‍ ഡോക്‌സിലെ വോയ്‌സ് ടൈപ്പിങ് സംവിധാനം. ഈ മേഖലയില്‍ ഗൂഗിള്‍ കുറച്ചുകാലമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വെബ്‌ബേസ്ഡ് എഡിറ്ററില്‍ ഈ ടൂള്‍ ലഭ്യമാവുന്നത് ആദ്യമായാണ്.

നാല്‍പ്പതിലേറെ ഭാഷകള്‍ പിന്തുണയ്ക്കുന്ന വോയ്‌സ് ടൈപ്പിങ് സംവിധാനത്തില്‍ മലയാളമില്ല. ഇംഗ്ലീഷാകട്ടെ അതിശയിപ്പിക്കുംവിധം നന്നായി പ്രവര്‍ത്തിക്കുന്നു. ചക്ക എന്നുപറഞ്ഞാല്‍ മാങ്ങ എന്നുകേള്‍ക്കുന്ന മറ്റുപല വോയ്‌സ് റെക്കഗ്‌നിഷന്‍ സംവിധാനങ്ങളെയും ഇത് വെല്ലുവിളിക്കുന്നു. അത്തരം പ്രശ്‌നത്തിന് കാരണമായി പറഞ്ഞിരുന്നത് പ്രാദേശിക ഉച്ചാരണവ്യത്യാസമായിരുന്നു. എന്നാല്‍ ഡോക്‌സിന് നമ്മുടെ ഉച്ചാരണത്തോട് പ്രത്യേകിച്ച് അപരിചിതത്വമൊന്നും കാണുന്നില്ല.

ക്രോമോ ക്രോമിയമോ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ സംവിധാനം പരീക്ഷിക്കാം. 

ഗൂഗിള്‍ ഡോക്‌സിന്റെ എഡിറ്റര്‍
തുറന്നാല്‍ (ലോഗിന്‍ ചെയ്യണം, ഒരു ഡോക്യുമെന്റ് എഡിറ്റിങ്ങിന് തുറക്കണം)Tools മെനുവില്‍നിന്ന് Voice Typingഎടുക്കാം. അപ്പോള്‍ വരുന്ന മൈക്രോഫോണിന്റെ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത് സംസാരിച്ചുതുടങ്ങാം. ഇതിന്റെ വിശദമായ 'ഹൗറ്റു' ഇവിടെ: https://support.google.com/docs/answer/4492226