Saturday, 14 June 2014

സ്മാര്‍ട്ട് ബോളുകള്‍, ശീതീകരിച്ച ജഴ്‌സികള്‍, അദൃശ്യമാകുന്ന ഫ്രീകിക്ക് ലൈനുകള്‍; ഫുട്‌ബോള്‍ ലോകകപ്പ് 2014 കളിക്കാര്‍ക്കും ആരാധകര്‍ക്കും ഡിജിറ്റല്‍ വേള്‍ഡ് കപ്പ്


ബ്രസിലിയ: ലോകകപ്പിന്റെ ആരവങ്ങള്‍ക്ക് തുടക്കാമായിക്കഴിഞ്ഞു. ഇന്നു വരെ കാണാത്ത സാങ്കേതിക മാറ്റങ്ങളോടെയാണ് ഇത്തവണ ബ്രസീലില്‍ ലോകകപ്പ് നടക്കുക. സ്മാര്‍ട്ട് വസ്ത്രങ്ങള്‍ മുതല്‍ ബൂട്ടുകള്‍ വരെ അതില്‍ പെടുന്നു. ബ്രസൂക്ക ബോള്‍ ഇപ്പോള്‍ തന്നെ പ്രസിദ്ധമായി കഴിഞ്ഞു. മാഞ്ഞുപോകുന്ന ഫ്രീകിക്ക് ലൈനുകള്‍ വരയ്ക്കാന്‍ ഇത്തവണ റഫറിമാര്‍ക്ക് സാധിക്കും. ഒരു തരം സ്‌പ്രേയാണ് ഇതിന് ഉപയോഗിക്കുന്നത്. ഇതുവഴി ഫ്രീകിക്ക് എടുക്കുന്നയാള്‍ നില്‍ക്കുന്നതെവിടെയെന്ന് പ്രതിരോധം തീര്‍ക്കുന്നവര്‍ക്ക് കൃത്യമായി തിരിച്ചറിയാനാകും. കിക്കെടുത്ത് നിമിഷങ്ങള്‍ക്കുള്ളിള്‍ വര അപ്രത്യക്ഷമാകുന്നതിനാല്‍ തടസമാല്ലാതെ കളി തുടരാവുന്നതാണ്.

ഗോള്‍ലൈന്‍ ടെക്‌നോളജിയാണ് പുതിയതായി പരീക്ഷിക്കുന്ന ഒരു സാങ്കേതിക വിദ്യ. പന്ത് ഗോള്‍വലയ്ക്കകത്തേക്ക് കയറുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉയര്‍ന്ന വേഗതയുള്ള ഏഴ് കാമറകളാണ് ഇതിന് ഉപയോഗിക്കുന്നത്. ജര്‍മന്‍ കമ്പനിയായ ഗോള്‍ കണ്‍ട്രോളാണ് ഇതിനുള്ള സാങ്കേതികവിദ്യ പ്രദാനം ചെയ്യുന്നത്. അര സെന്റിമീറ്റര്‍ ക്യത്യതയോടെ വരെ പന്ത് വലക്കകത്തേക്ക് കടക്കുന്നത് ഇനിമുതല്‍ റഫറിമാര്‍ക്ക് കണ്ടെത്താം. ഫുട്‌ബോള്‍ ബൂട്ടുകളിലും കാര്യമായ നവീകരണങ്ങള്‍ നടന്നിട്ടുണ്ട്. കാര്യക്ഷമമായ രീതിയില്‍ പന്ത് നിയന്ത്രിക്കാവുന്ന രീതിയിലാണ് വിവിധ കമ്പനികള്‍ ബൂട്ട് നിര്‍മ്മിച്ചിരിക്കുന്നത്.


 ജേഴ്‌സികളിലും പുതുമകളുണ്ട്. നേരത്തെ ഉണ്ടായിരുന്നതിനെക്കാള്‍ 56 ശതമായം അധികം വായുസഞ്ചാരം ഇവയ്ക്കുണ്ട്. കളി തുടങ്ങുന്നതിന് മുമ്പ് പ്രത്യേകമായി ജേഴ്‌സികള്‍ ശീതീകരിക്കുകയും ചെയ്യുന്നതാണ്.  ബ്രസീലിലെ കടുത്ത ചൂടിലും സുഖകരമായി ഇരിക്കാന്‍ കളിക്കാരെ ഇത് അനുവദിക്കും. ട്രെയിനിംഗിലും പ്രത്യേകതകള്‍ ഉണ്ട്. സ്മാര്‍ട്ട് ബോള്‍ ആണ് അഡിഡാസ് അവതിപ്പിച്ചിരിക്കുന്നത്. പന്ത് അടിച്ചത് എത്ര ശക്തിയോടെയാണെന്ന് അറിയാനുള്ള സെന്‍സറുകള്‍ ഈ ബോളുകളില്‍ ഉണ്ട്.


 കളിക്കാര്‍ക്ക് മാത്രമല്ല ഫുട്‌ബോള്‍ പ്രേമികള്‍ക്കും ഇത്തവണത്തെ ലോകകപ്പ് വേറിട്ട ഒരു അനുഭവമായിരിക്കും. ആരാധകര്‍ക്ക് പിന്തുണയ്ക്കുന്ന ടീമിന്റെ പേരിന്റെ മൂന്ന് അക്ഷരമുള്ള ഹാഷ്ഫ്‌ളഗുകള്‍ ഉപയോഗിച്ച് ട്വീറ്റ് ചെയ്യാനുള്ള സൗകര്യമാണ് ട്വിറ്റര്‍ ഒരുക്കിയിരിക്കുന്നത്. ലോകകപ്പിനോട് അനുബന്ധിച്ച് വിവിധ മൊബൈല്‍ ഉപകരണങ്ങള്‍ക്കായി വൈവിധ്യമുള്ള നിരവധി ആപ്ലിക്കേഷനുകളാണ് ഇറങ്ങിയിരിക്കുന്നത്.