Monday, 16 June 2014

ഫയര്‍ഫോക്സ് ഫോണുമായി ഇന്‍റക്സ്



വിലക്കുറവും വേറിട്ട പ്രത്യേകതകളുമായി മോസില്ല ഫയര്‍ഫോക്സ് ഓപറേറ്റിങ് സിസ്റ്റത്തിലുള്ള സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യന്‍ കമ്പനികളായ സ്പൈസും ഇന്‍റക്സും ഉടന്‍ പുറത്തിറക്കും. ഇന്‍റക്സ് ആഗസ്റ്റ് ആദ്യവാരമാണ് ഇരട്ട സിമ്മിടാവുന്ന ഫയര്‍ഫോക്സ് ഫോണുകള്‍ അവതരിപ്പിക്കുക. ഇന്‍റക്സും സ്പൈസും ഫയര്‍ഫോക്സ് ഫോണിറക്കുമെന്ന് മോസില്ല പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്‍റക്സിന്‍െറ സ്ഥിരീകരണം വന്നത്.
സ്പൈസ് ജൂലൈയില്‍ പുറത്തിറക്കുമെന്നാണ് സൂചനകള്‍. 2000 രൂപയില്‍ താഴെ വിലയുള്ള ‘ഇന്‍റക്സ് ക്ളൗഡ് എഫ്.എക്സ്’ എന്ന് പേരുളള ഫോണിന് 320x480 പിക്സല്‍ റസലൂഷനുള്ള മൂന്നര ഇഞ്ചാണ് ഡിസ്പ്ളേ. ഒരു ജിഗാഹെര്‍ട്സ് സ്പ്രെഡ്ട്രം SC6821പ്രോസസര്‍, രണ്ട് മെഗാപിക്സല്‍ പിന്‍ ക്യാമറ, വൈ ഫൈ, ബ്ളൂടൂത്ത്, എഫ്.എം റേഡിയോ, എച്ച്.ടി.എം.എല്‍ 5 ആപ്പുകളെ പിന്തുണക്കല്‍ എന്നിവയാണ് വിശേഷങ്ങള്‍. 25 ഡോളറിന് (1500 രൂപ) ഫോണ്‍ നല്‍കുകയാണ് ഫയര്‍ഫോക്സിന്‍െറ ലക്ഷ്യം. ഫയര്‍ഫോക്സിനുവേണ്ടി മറ്റ് രാജ്യങ്ങളില്‍ ഫോണിറക്കുന്നത് സെഡ് ടിഇയും അല്‍ക്കാടെല്ലുമാണ്. ഇരട്ട കോര്‍ പ്രോസസറും മികച്ച പ്രകടനവുമുള്ള സെഡ്ടിഇ ഓപണ്‍, അല്‍ക്കാടെല്‍ വണ്‍ടച്ച് ഫയര്‍ ഇ എന്നിവയാണ് ആഗോളതലത്തില്‍ വിപണിയില്‍ ഇറങ്ങിയ ഫയര്‍ഫോക്സ് ഒ.എസിലുള്ള ഫോണുകള്‍.