ഇപ്പോഴേ എല്ലാവർക്കും പ്രിയപ്പെട്ടത്, ആ ഇഷ്ടം ഒന്നു കൂടെ കൂട്ടാൻ പുതിയ നീക്കളുമായി ഫേസ്ബുക്ക്. ഫേസ്ബുക്കിലേക്ക് നാം ലോഗ് ഇൻ ചെയ്യുമ്പോൾ ആദ്യം കണ്മുന്നിലെത്തുന്ന ന്യൂസ് ഫീഡിലാണ് പുതിയ പരീക്ഷണം. പുതിയതെന്ന് മുഴുവനായും പറയാനാകില്ല, കഴിഞ്ഞ നവംബറിലും ന്യൂസ് ഫീഡിൽ അൽപസ്വൽപം പരീക്ഷണങ്ങൾ എഫ്ബി നടത്തിയിരുന്നു. നിലവിൽ എഫ്ബിയിൽ ലോഗിൻ ചെയ്താൽ വരുന്ന ന്യൂസ് ഫീഡിൽ നമ്മുടെ സുഹൃത്തുക്കളുടെയും ലൈക്ക് ചെയ്ത പേജുകളുടെയും ഏറ്റവും പുതിയ അപ്ഡേറ്റുകളായിരിക്കും വരിക. നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ടവർ എന്താണ് എഫ്ബിയിൽ പുതുതായി ചെയ്തതെന്നറിയാൻ ഒന്നുകിൽ അവരുടെ ടൈം ലൈനില്‍ പോകണം. അല്ലെങ്കിൽ ന്യൂസ് ഫീഡുകൾ ഓരോന്നായി താഴേക്ക് സ്ക്രോൾ ചെയ്യണം. എന്നാൽ ഐഫോണിലും ഐപാഡിലുമായി (ഐഒഎസ്) ഫേസ്ബുക്ക് പുതുതായി അവതരിപ്പിച്ച ടൂൾ ഉപയോഗിച്ച് നമുക്ക് ഇഷ്ടപ്പെട്ടവരുടെ പോസ്റ്റുകളും പേജുകളിലെ അപ്ഡേറ്റുകളും ഇനി ന്യൂസ്ഫീഡിൽ ആദ്യം കാണാം.
ആൻഡ്രോയിഡ് ഫോണുകളിലേക്കും ഡെസ്ക്ടോപ് വേർഷനിലും ആഴ്ചകൾക്കകം ഈ സൗകര്യമെത്തും. ഫേസ്ബുക്കിന്റെ ന്യൂസ്ഫീഡ് പ്രിഫറൻസുകളിലെ മാറ്റങ്ങൾ ഇങ്ങനെ: ഐഒസിൽ ഫേസ്ബുക്ക് ആപ്പിൽ ലോഗിൻ ചെയ്താൽ താഴെ വലതുവശത്തു കാണുന്ന More ഐക്കണിൽ ക്ലിക്ക് ചെയ്താൽ News feed preferences ലഭിക്കും. അതിനകത്താണ് പുതിയ നാല് മാറ്റങ്ങൾ. ന്യൂസ് ഫീഡ് പ്രിഫറൻസിലെ prioritize who to see first ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ സുഹൃത്തുക്കളുടെയും ലൈക്ക് ചെയ്ത പേജുകളുടെയും പ്രൊഫൈൽ ചിത്രങ്ങളുടെ ലിസ്റ്റ് വരും. അതിൽ ആരുടെയെല്ലാം പോസ്റ്റുകളാണ്, അപ്ഡേറ്റുകളാണ് ആദ്യം കാണേണ്ടതെന്നു വച്ചാൽ ആ പ്രൊഫൈൽ ചിത്രങ്ങളിലെല്ലാം ക്ലിക്ക് ചെയ്ത് സെലക്ട് ചെയ്ത് സേവ് ചെയ്താൽ മതി. അടുത്ത തവണ ലോഗിൻ ചെയ്യുമ്പോൾ നിങ്ങൾ നേരത്തേ ലോഗ് ഔട്ട് ചെയ്ത സമയം മുതൽ ഈ തിരഞ്ഞെടുക്കപ്പെട്ട പ്രിയ സുഹൃത്തുക്കളും പേജുകളും നടത്തിയ പോസ്റ്റുകളെല്ലാം കാത്തിരിപ്പുണ്ടാകും.
ഇത്തരത്തിലുള്ള പോസ്റ്റുകളെ തിരിച്ചറിയാൻ ഒരു സ്റ്റാര്‍ ചിഹ്നവുമുണ്ടാകും. മറ്റ് പോസ്റ്റുകൾ കാണാൻ സാധാരണ പോലെ താഴേക്ക് സ്ക്രോൾ ചെയ്താൽ മതി. ഇടയ്ക്ക് വച്ച് പ്രയോരിറ്റിയിൽ നിന്ന് ആരെയെങ്കിലും ഒഴിവാക്കണമെങ്കിൽ അൺ ഫോളോ ചെയ്യാനും (unfollow People to hide their posts) കക്ഷിയെ വീണ്ടും ഫോളോ ചെയ്യണമെങ്കിൽ റീ കണക്ട് ചെയ്യാനുമെല്ലാം (reconnect with people you unfollowed) പുതിയ ടൂളിൽ ഓപ്ഷനുണ്ട്. നേരത്തെ നിങ്ങൾ ഇഷ്ടപ്പെട്ടിട്ടുള്ള പേജുകളെയെല്ലാം വിലയിരുത്തി നിങ്ങൾക്ക് താൽപര്യമുള്ള പുതിയ പേജുകൾ നിർദേശിക്കാനും പുതിയ മാറ്റത്തിലെ നാലാമത്തെ ടൂൾ (Discover new Pages) വഴി സാധിക്കുന്നു.