Thursday, 9 July 2015

കാര്‍ വാങ്ങുംമുമ്പ് ഈ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ലത്

ഉടന്‍ ഒരു കാര്‍ വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങളുണ്ട്. ഈ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കാര്‍ വാങ്ങുന്ന കാര്യത്തില്‍ പിന്നീട് നിങ്ങള്‍ക്കു ദുഃഖിക്കേണ്ടിവരില്ല. 

1, ചെലവ്

നിങ്ങളുടെ ബജറ്റ്, ആവശ്യം എന്നിവയെക്കുറിച്ച് ആദ്യമേ ഒരു ധാരണയുണ്ടായിരിക്കണം. ബജറ്റിനനുസരിച്ച് വിലയ്‌ക്കുള്ള കാര്‍ വാങ്ങുക. പിന്നീടുള്ള റണ്ണിങ് കോസ്റ്റിനെക്കുറിച്ചു വിദഗ്ദ്ധരോടു ചോദിച്ചു മനസിലാക്കുക. ഓണ്‍ലൈന്‍ സഹായത്തോടെയും ഇതു കണക്കാക്കാവുന്നതാണ്. റണ്ണിങ് കോസ്റ്റ് നിങ്ങള്‍ക്കു താങ്ങാവുന്ന തരത്തിലുള്ള കാര്‍ വേണം തെരഞ്ഞെടുക്കാന്‍. പ്രതിദിനം 100 കിലോമീറ്ററിലധികം ഓടേണ്ട ആവശ്യമുണ്ടെങ്കില്‍ സിഎന്‍ജി അല്ലെങ്കില്‍ ഡീസല്‍ കാര്‍ തെരഞ്ഞെടുക്കണം. ഓട്ടം കുറവാണെങ്കില്‍ പെട്രോള്‍ കാറാണ് നല്ലത്. 

2, സര്‍വ്വീസ്

മികച്ച വില്‍പ്പനാനന്തര സേവനം നിങ്ങള്‍ വാങ്ങുന്ന മോഡല്‍ കാറിന് സമീപ പട്ടണത്തില്‍ ലഭിക്കുമോയെന്ന് ഉറപ്പുവരുത്തണം. ചില ബ്രാന്‍ഡുകള്‍ക്ക് എല്ലാ സ്ഥലത്തും സര്‍വ്വീസ് സെന്ററുകള്‍ ഉണ്ടാകണമെന്നില്ല. മറ്റു ചിലവയ്‌ക്കു സര്‍വ്വീസ് സെന്റര്‍ ഉണ്ടെങ്കില്‍പ്പോലും സ്പെയര്‍ പാര്‍ട്സുകള്‍ ദൂരെ സ്ഥലങ്ങളില്‍നിന്നു വരുത്തേണ്ടിവരും. ഇക്കാര്യങ്ങളൊക്കെ മനസിലാക്കിവേണം കാര്‍ വാങ്ങാന്‍. ഓര്‍ക്കുക, ഡീസല്‍ കാറിന്, പെട്രോള്‍ മോഡലിനെ അപേക്ഷിച്ചു അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ് കൂടുതലായിരിക്കും. എന്നാല്‍ ഇന്ധനവില പരിഗണിക്കുമ്പോള്‍ ഡീസല്‍ കാര്‍ ആയിരിക്കും ലാഭകരം. പക്ഷെ ദിവസേന 100 കിലോമീറ്ററിലധികം ഓടുന്നുണ്ടെങ്കില്‍ മാത്രം അത് തെരഞ്ഞെടുത്താല്‍ മതി. 

3, റീസെയില്‍ വാല്യൂ

ഏതൊരു കാര്‍ വാങ്ങുമ്പോഴും ആ ബ്രാന്‍ഡിന് വിപണിയില്‍ മികച്ച മൂല്യമുണ്ടോയെന്ന് പരിശോധിക്കണം. മികച്ച മൂല്യമുള്ള ബ്രാന്‍ഡുകള്‍ക്കുമാത്രമെ റീസെയില്‍ വാല്യൂ ലഭിക്കുകയുള്ളു. അത്യാവശ്യഘട്ടത്തില്‍ കാര്‍ മറിച്ചുവില്‍ക്കണമെങ്കില്‍, റീസെയില്‍ വാല്യൂ ഉള്ള കാറിനുമാത്രമെ മികച്ച വില ലഭിക്കുകയുള്ളു. റീസെയില്‍ വാല്യൂ ഉള്ള മോഡലുകള്‍ക്കു മികച്ച എക്‌സ്‌ചേഞ്ച് ഓഫറില്‍ വാഹനം മാറ്റിവാങ്ങാനാകും. 

ഏതായാലും ആദ്യം ബജറ്റ് കണക്കാക്കുക, അതിനുശേഷം കാറുകളെക്കുറിച്ചും അതിന്റെ വില, സവിശേഷതകള്‍ എന്നിവയെക്കുറിച്ചും മനസിലാക്കുക. സര്‍വ്വീസ്, റീസെയില്‍ വാല്യൂ എന്നിവയെക്കുറിച്ചും വ്യക്തമായ ധാരണ കൈവരിച്ചശേഷം നിങ്ങള്‍ക്കു ധൈര്യമായി കാര്‍ വാങ്ങാം. നിങ്ങളുടെ തീരുമാനം തെറ്റില്ല, തീര്‍ച്ച...