മൂന്നു കുട്ടികളുടെ അമ്മയായ ക്വീന്‍സ്ലന്‍ഡുകാരി ലോറന്‍ കെര്‍ട്‌ലന്‍ഡ് ഇന്ന് അതീവസന്തോഷവദിയാണ്. കാര്യമെന്തന്നല്ലേ. 15 വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ വിവാഹഡ്രസ് വീണ്ടും ധരിക്കാന്‍ അവര്‍ക്കു സാധിച്ചു. അമ്മാതിരി തടിയായിരുന്നു ഈ വീട്ടമ്മയ്ക്ക്. കുറച്ച കിലോയുടെ കണക്ക് കേട്ടാല്‍ ആരും ഒന്നു ഞെട്ടും. 32 ആഴ്ച്ചകള്‍ക്കുള്ളില്‍ 35 കിലോഗ്രാമാണ് 35കാരിയായ ലോറെന്‍ കുറച്ചത്. കഠിന പ്രയത്‌നം തന്നെ നടത്തിയാണെങ്കിലും ഭാരം കുറച്ചതിന്റെ സന്തോഷത്തിലാണ് അവര്‍. ഒപ്പം ഇതുവരെ കയറാത്ത വിവാഹഡ്രസ് അണിയാന്‍ കഴിഞ്ഞതിന്റെയും.
തീര്‍ത്തും മോശം ജീവിതരീതിയായിരുന്നു ലോറെന്‍ പണ്ടു പിന്തുടര്‍ന്നിരുന്നത്. ദിവസവും എണ്ണയില്‍ പൊരിച്ചെടുത്ത ചിക്കന്‍ ലഞ്ചിന്. വൈകിട്ടാണെല്‍ അസ്സല്‍ മദ്യപാനവും. പോരെ പൂരം. 94 കിലോഗ്രമായാണ് ലോറെന്റെ ഭാരം കൂടിയത്. ഇങ്ങനെ അലക്ഷ്യമായി ഭക്ഷണശീലങ്ങള്‍ മാറാനിടയാക്കിയത് തന്റെ ഇരട്ട സഹോദരി ഷാരോണിന്റെ അകാലമരണമായിരുന്നുവെന്നാണ് ലോറെന്റെ ഭാഷ്യം. എന്തായാലും സംഗതി പിടുത്തം വിട്ടെന്ന് മനസിലായപ്പോള്‍ തടി കുറയ്ക്കാന്‍ ഉറച്ച തീരുമാനമെടുക്കുകയായിരുന്നു അവര്‍. അമിതഭാരത്തില്‍ പൊറുതി മുട്ടി ലോറെന്റെ കാലുകള്‍ക്ക് പോലും താങ്ങാനാവത്ത അവസ്ഥയിലെത്തിയിരുന്നു ശരീരപ്രകൃതി. ദീര്‍ഘനേരം എവിടെയെങ്കിലും നില്‍ക്കേണ്ട അവസ്ഥ വന്നാല്‍ കാല്‍ വേദന കൊണ്ട് പുളയും. രാത്രി നടക്കാനാണ് ഏറെ പ്രയാസപ്പെട്ടത്. രാത്രിസമയത്ത് ടോയ്‌ലെറ്റില്‍ പോകാന്‍ പോലും ബുദ്ധിമുട്ടിയിരുന്നെന്ന് ലോറെന്‍ പറയുന്നു.
പൊണ്ണത്തടി കാരണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു ഡ്രസ് പോലും ഇവര്‍ക്ക് വാങ്ങാനായില്ല. ആത്മവിശ്വാസം പോയി, ഡ്രസ് ഇടാന്‍ പോലും തോന്നിയില്ല, ഭീകര അവസ്ഥ-മുന്‍കാലത്തെ ലോറെന്‍ ഓര്‍ക്കുന്നതിങ്ങനെ. ഭര്‍ത്താവിനു പോലും തന്നെ വെറുപ്പാകുമോയെന്ന് ലോറെന്‍ പേടിച്ചു. അങ്ങനെയാണ് 15ാം വിവാഹവാര്‍ഷികത്തില്‍ ഭര്‍ത്താവിനൊരു സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുകയെന്ന ലക്ഷ്യത്തില്‍ മെലിയാന്‍ ഇറങ്ങിത്തിരിച്ചത്.
ആനക്കാര്യമൊന്നും ചെയ്തില്ല ലോറെന്‍. ഡയറ്റ് മാറ്റി. വറുത്തതും പൊരിച്ചതുമെല്ലാം ഒഴിവാക്കി. പകരം ട്യൂണയും സാലഡും പഴങ്ങളും കഴിക്കാന്‍ തുടങ്ങി. ഒപ്പം റാപ്പിഡ് ലോസ് ഷേക്കുകളും. ഇന്ന് 57 കിലോഗ്രാമാണ് ലോറെന്റെ ഭാരം.
ലോറെന്‍ മുമ്പു സ്ഥിരമായി കഴിച്ചിരുന്നത്
ബ്രേക്ഫാസ്റ്റ്: ഇല്ല
മോണിംഗ് ടീ: ഇല്ല
ലഞ്ച്: ഡീപ് ഫ്രൈഡ് ചിക്കന്‍ വിങ്‌സ്, സ്വീറ്റ് ചില്ലി ചിക്കന്‍ (സ്ഥിരം)
ഡിന്നര്‍: പാസ്തയും ഉരുളക്കിഴങ്ങും
ലോറെന്‍ ഇപ്പോള്‍ കഴിക്കുന്നത്
ബ്രേക്ഫാസ്റ്റ്: റാപ്പിഡ് ലോസ് ഷേക്ക്
മോണിംഗ് ടീ: ഏതെങ്കിലും ഒരു പഴം
ലഞ്ച്: സാന്‍ഡ്‌വിച്ച്, ട്യൂണ, സാലഡ്
വൈകുന്നേരം: മുട്ട പുഴുങ്ങിയത്
ഡിന്നര്‍: വെജിറ്റബിള്‍, ചിക്കന്‍ സൂപ്പ്